ലക്ഷദ്വീപ് കപ്പലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങളിലും ഗതാഗത രംഗത്തെ നിലവിലെ സാഹചര്യങ്ങളും ചർച്ച ചെയ്ത് ലക്ഷദ്വീപ് എംപി ഇന്ന് പോർട്ട് സെക്രട്ടറിയും എൽഡിസിഎൽ (LDCL) എംഡിയുമായ വിക്രാന്ത് രാജയുമായി ഡൽഹിയിലെ എംപിയുടെ വസതിയിൽ പ്രധാനപ്പെട്ട കൂടിക്കാഴ്ച നടത്തി.
ഔദ്യോഗിക സന്ദർശനത്തിനായി എത്തിയ ലക്ഷദ്വീപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ വിക്രാന്തരാജാ ന്യൂഡൽഹിയിലെ എംപിയുടെ വസതിയിൽ കൂടിക്കാഴ്ചയ്ക്ക് എത്തുകയായിരുന്നു.
ലക്ഷദ്വീപ് കപ്പലുകളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ തൊഴിൽപരമായ വിവിധ വിഷയങ്ങൾ ചർച്ചയിൽ ഉന്നയിക്കപ്പെട്ടു. ലക്ഷദ്വീപ് സീ മെൻസ് വെൽഫെയർ അസോസിയേഷൻ എംപിക്ക് സമർപ്പിച്ച നിവേദന വിഷയങ്ങളിൽ വേഗത്തിൽ പരിഹാരം കാണാൻ എംപി എൽ ടി സി എൽ എം ഡി കൂടിയായ വിക്രാന്ത് രാജയോട് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
കൂടാതെ യാത്ര കപ്പലുകളുടെ അപര്യാപ്തത മൂലം ബുദ്ധിമുട്ടിലായിരിക്കുന്ന ലക്ഷദ്വീപ് നിവാസികൾക്ക് ആവശ്യമായ യാത്രാ സംവിധാനങ്ങൾ ഒരുക്കി നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ഉടൻ കൈക്കൊള്ളണമെന്നും വിദ്യാർത്ഥികളുടെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അഡീഷണൽ പ്രോഗ്രാമുകൾ ഉൾപ്പെടെ ഒരുക്കണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു.
കപ്പലുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ കൊച്ചിൻ ഷിപ്പിയാർഡ് കൊച്ചിൻ പോർട്ട് അതോറിറ്റി എന്നിവരുടെ പ്രത്യേക യോഗം വിളിക്കാനും കൂടിക്കാഴ്ചയിൽ എംപി നിർദ്ദേശിച്ചു.
കപ്പൽ ടിക്കറ്റിംഗ് സിസ്റ്റം കൂടുതൽ സുതാര്യവും മികവുറ്റതും ആക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ പ്രധാനമായ വിഷയം ആയിരുന്നു.
ലക്ഷദ്വീപിലെ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആളുകളുടെ പ്രയാസങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിനും എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കുമെന്ന് ലക്ഷദ്വീപ് തുറമുഖ വകുപ്പിന്റെ സെക്രട്ടറി കൂടിയായ വിക്രാന്തരാജാ അറിയിച്ചു.