ആലപ്പുഴ: ഇന്നലെ രാത്രി നടന്ന കാറപകടത്തിൽ പെട്ട എംബിബിഎസ് വിദ്യാർത്ഥി ഇബ്രാഹിമിന്റെ വേർപാട് ലക്ഷദ്വീപ് ജനങ്ങളുടെ മുഴുവൻ നോവായി മാറുന്നു.
പ്ലസ്ടു വിൽ 98 ശതമാനം മാർക്കോടെ വിജയിച്ച് ആദ്യ ശ്രമത്തിൽ നീറ്റ് കൈപ്പടയിലൊതുക്കി തെങ്ങ് കയറ്റ തൊഴിലാളിയായ പിതാവിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ പകർന്ന് നാട്ടിന്റെ മൊത്തം പ്രതീക്ഷയായി പറക്കാൻ തുടങ്ങവെ തന്നെ ചിറക്കറ്റ് വീണ അവരുടെ പ്രിയപ്പെട്ട ഇബ്രുവിന്റെ സൗമ്യ മുഖം ഇനി കാണില്ലെന്ന ചിന്ത ആന്ത്രോത്തിന്റെ അന്തരീക്ഷമാകെ വേദന പടർത്തുന്നു.
പൊന്ന് മോന്റെ ജനാസയേറ്റു വാങ്ങാൻ ഉമ്മയും ഉപ്പയും എറണാകുളത്ത് എത്തി. ഒരു നിമിഷാർദ്ധം കൊണ്ട് കരിഞ്ഞുണങ്ങിയ ഖൽബുമായി ആ മാതാപിതാക്കൾ തങ്ങളുടെ പോന്നോമാനയുടെ ചലനമറ്റ ശരീരം ഏറ്റുവാങ്ങുന്നതിന്റെ വിഷമസന്ധി ഓരോ ദ്വീപുകാരന്റെയും ഉള്ളിൽ പടർത്തുന്ന സങ്കടം ഓരോരുത്തരുടെയും മുഖത്തും സംസാരത്തിലും കാണാം.
പ്രിയപ്പെട്ട ഇബ്രാഹിമിന്റെ അന്ത്യ നിദ്രക്കായി എറണാകുളം മാർക്കറ്റിലെ സെൻട്രൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഇടമൊരുങ്ങിക്കഴിഞ്ഞു. അപകട വിവരം അറിഞ്ഞ ഉടനെ ആലപ്പുഴയിലെത്തിയ നാസിഹ് മുസ്‌ലിയാർ, കബീർ ബീരേടം എന്നിവരുടെ നേതൃത്വത്തിൽ ജനാസ ആലപ്പുഴയിൽ നിന്നും എറണാകുളത്ത് എത്തിക്കും. ഉച്ചക്ക് 2.30 ന് ജനാസ നിസ്കാരം കഴിഞ്ഞ് ഖബറടക്കം നടക്കും.
എറണാകുളം ഭാഗങ്ങളിൽ പഠിക്കുന്ന ദ്വീപുകാരായ വിദ്യാർത്ഥികളും നാട്ടുകാരും തങ്ങളുടെ പ്രിയപ്പെട്ടവന് യാത്രാമൊഴി നേരാൻ എറണാകുളം മാർക്കറ്റിലെ പള്ളിയിൽ എത്തിച്ചേരും.