അഗത്തി: 33 മത്തെ ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് ലക്ഷദ്വീപിന്റെ കവാടമായ അഗത്തി ദ്വീപിൽ വർണ്ണാഭമായ തുടക്കം.  ലക്ഷദ്വീപ് എംപി അഡ്വ.ഹംദുള്ള സഈദ് മീറ്റ് പതാക ഉയർത്തി ഔപചാരിക  ഉൽഘാടനം നിർവ്വഹിച്ചു.

കുറ്റമറ്റ രീതിയിൽ മീറ്റ് അണിയിച്ചൊരുക്കിയ അഗത്തി സ്കൂൾ കോംപ്ലക്സിലെ അധ്യാപകർ മറ്റ് ഉദ്യോഗസ്ഥർ പിന്തുണ നൽകിയ നാട്ടുകാർ എന്നിവരെ അഭിനന്ദിച്ച എം.പി
നയന മനോഹരമായ ഭാരതീയത്തിൽ പങ്കെടുത്ത കുരുന്നുകളെയൂം അവരെ പരിശീലിപ്പിച്ച അധ്യാപകരെയും പ്രത്യേകം അഭിനന്ദിച്ചു. കായിക മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും തൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് ഉറപ്പ് നൽകി. അഗത്തി കായിക പ്രേമികളുടെ ചിരകാല ആവശ്യമായ ഇൻഡോർ സ്റ്റേഡിയം ഉടൻ യാഥാർത്ഥ്യമാവുമെന്ന ഹംദുള്ള സഈദ് എംപിയുടെ വാക്കുകളെ കരാഘോഷങ്ങളോടെയാണ് ജനം വരവേറ്റത്.

വിവിധ ദ്വീപുകളിൽ നിന്നുള്ള ടീമുകൾക്ക് വിജയാശംസകൾ അറിയിക്കുകയും മത്സരങ്ങളിൽ വീറും വാശിയും കാട്ടുന്നതിനൊപ്പം സൗഹൃദം ഉയർത്തുന്ന സ്‌പോർട്സ്മാൻ സ്പിരിറ്റ് മീറ്റിൽ ഉടനീളം പുലർത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു.

അഗത്തി ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ ശ്രീമതി കെ ഐ നജ്മുന്നിസ അധ്യക്ഷത വഹിച്ചു, ഓർഗനൈസിങ് കമ്മിറ്റി ചെയർമാനും പ്രിൻസിപ്പലുമായ സി. മുഹമ്മദ് ഇഖ്ബാൽ സ്വാഗത പ്രസംഗം നടത്തി, മീറ്റ് സെക്രട്ടറി സനീബ് നന്ദി അറിയിച്ചു.

പത്ത് നാൾ നീണ്ടുനിൽക്കുന്ന കലാമാങ്കത്തിൽ പുതിയ വേഗങ്ങളും ദൂരങ്ങളും ഉയരങ്ങളും താണ്ടാനെത്തിയ പവിഴ ദ്വീപിലെ കായിക കൗമാരങ്ങൾക്ക് ലാക് വോയിസ് ടീമിൻ്റെ വിജയാശംസകൾ.