കവരത്തി: ജനാധിപത്യ ഭരണകൂടത്തിന്റെ പ്രഥമ ലക്ഷ്യമാവേണ്ടത് ജനങ്ങളുടെ സർവ്വരംഗത്തും ഉള്ള ക്ഷേമവും വികാസവും ആയിരിക്കണമെന്ന് ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ്. കവരത്തി സെക്രട്ടറിയേറ്റിൽ വിളിച്ചു ചേർത്ത ദിശ അവലോകന യോഗത്തിൽ വിവിധ വകുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന സ്കീമുകളും വികസന പ്രവർത്തനങ്ങളും അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷദ്വീപ് കലക്ടറുടെ ചുമതല വഹിക്കുന്ന ഗിരി ശങ്കർ ഐ. എ .എസ് അടക്കം വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.
ലക്ഷദ്വീപ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിവിധ മേഖലകളിലുള്ള പ്രധാന പ്രശ്നങ്ങൾ എം പി പ്രസ്തുത യോഗത്തിൽ അവതരിപ്പിക്കുകയും അതിനുള്ള പരിഹാരം ആവശ്യപ്പെടുകയും ചെയ്തു.
കപ്പൽ ഗതാഗത മേഖല, ഷിപ്പ് ടിക്കറ്റിംഗ് പ്രശ്നങ്ങൾ, വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ കാര്യങ്ങൾ, ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ സ്റ്റഡി ടൂർ സ്കോളർഷിപ്പ് വിഷയങ്ങൾ, ലക്ഷദ്വീപ് വൈദ്യുതി വകുപ്പിന്റെ നിലവിലുള്ള അവസ്ഥയും ജീവനക്കാരുടെ ക്ഷേമവും, ആരോഗ്യ മേഖലയെ മെച്ചപ്പെടുത്തേണ്ടതിന്റെ അനിവാര്യത, നേഴ്സ് പാരാമെഡിക്കൽ സ്റ്റാഫ് മാരുടെ കുറവ് അവരുടെ ശമ്പള വർദ്ധനവും, വിവിധ ആശുപത്രികളിലെ ഡോക്ടർമാരുടെയും മരുന്നുകളുടെയും ലഭ്യത, കവരത്തി മിനിക്കോയ് സീനിയർ സെക്കൻഡറി സ്കൂളുകളുടെ പുനർനിർമാണം, വിവിധ ദ്വീപുകളിലെ കായിക സൗകര്യങ്ങളുടെ വിപുലീകരണം, പൊതുമരാമത്ത് വകുപ്പിന്റെ ഭാവി പ്രവർത്തനങ്ങൾ, ലക്ഷദ്വീപ് കലാ അക്കാദമിയുടെ ശക്തിപ്പെടുത്തൽ, വിവിധ ദ്വീപുകളിലെ പടിഞ്ഞാറ് കിഴക്ക് ജെട്ടികളുടെ നിർമ്മാണം അറ്റകുറ്റപ്പണികൾ, ഡിസാലിനേഷൻ പ്ലാന്റുകളുടെ പുരോഗതി, ലക്ഷദ്വീപ് ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യത, കോഴിക്കോട് ഗസ്റ്റ് ഹൗസ്, അടക്കം വിപുലമായ രീതിയിൽ എല്ലാ മേഖലകളെയും സ്പർശിക്കുന്ന ചർച്ചകളും പരിഹാരമാർഗങ്ങളും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു.
പത്ത് കൊല്ലമായി വികസന മുരടിപ്പ് അനുഭവിച്ച ലക്ഷദ്വീപ് ജനതയ്ക്ക് പ്രതീക്ഷയുടെ പുതിയ വാതായനങ്ങൾ തുറന്നിടുന്നതാണ് ലക്ഷദ്വീപിന്റെ എംപി ഹംദുള്ള സഈദിൻ്റെ നേതൃത്വത്തിൽ നടന്ന വകുപ്പ് തലവന്മാരുടെ യോഗം.