ന്യൂഡൽഹി: ലക്ഷദ്വീപിന് മറ്റൊരു അഭിമാന മുഹൂർത്തം കുടി സമ്മാനിച്ച് കൊണ്ട് ഇന്ദിരാഗാന്ധി ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ഇൻ ചാർജ് ആറ്റലാട ഷംഷാദ് ബീഗം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് 2024 വർഷത്തെ നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൾ അവാർഡ് ഏറ്റുവാങ്ങി. ഇന്നലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 15 പേർക്ക് അവാർഡ് നൽകിയത്. നഴ്‌സുമാരും നഴ്‌സിംഗ് പ്രൊഫഷണലുകളും സമൂഹത്തിന് നൽകുന്ന സ്തുത്യർഹമായ സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഫ്ലോറൻസ് നൈറ്റിംഗേൾ അവാർഡ്.1973-ൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് അവാർഡ് സ്ഥാപിച്ചത്.
ആന്ത്രോത്ത് ദ്വീപിലെ മൂടംപുര ഹംസക്കോയയുടേയും ആറ്റലാട കുഞ്ഞിബിയുടേയും മകളാണ് ഷംഷാദ് ബീഗം.2005 ൽ സർവീസിൽ പ്രവേശിച്ച അവർ ആന്ത്രോത്ത്, അഗത്തി ദ്വീപുകളിലും ജോലി ചെയ്തിട്ടുണ്ട് .ജോലിയോട് തികഞ്ഞ ആത്മാർത്ഥതയും അർപ്പണബോധവുമുള്ള അവർ രോഗികളോടുള്ള ലാളിത്യമാർന്ന സമീപനം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലഗൂൺ കപ്പലിൽ സിസേറിയൻ ഓപ്പറേഷനു വേണ്ടി യാത്ര ചെയ്തിരുന്ന ഒരു ഗർഭിണിയുടെ ബ്രീച്ച് ഡെലിവറി നടത്തിയത് വഴി ക്യാപ്റ്റൻറയും യാത്രക്കാരുടേയും പ്രശംസ പിടിച്ചുപറ്റി. ജീവൻ രക്ഷാപ്രവർത്തനത്തിന് ക്യാപ്റ്റൻ പ്രശംസാപത്രം നൽകി ആദരിച്ചത് ജീവിതത്തിലെ മറക്കാൻ പറ്റാത്ത അനുഭവമാണെന്ന് അവർ ലാക് വോയിസ് പ്രതിനിധിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. തൻ്റെ ആശുപത്രി ഡ്യുട്ടി കഴിഞ്ഞ് വീടുകളിൽ ചെന്ന് കിടപ്പു രോഗികളേയും ക്യാൻസർ രോഗികളേയും സന്ദർശിച്ച് പരിചരിക്കുകയും ചെയ്ത് വരുന്നു.
ഭർത്താവ് അബ്ദുൽ ഗഫൂർ ഐആർ ബി യിൽ ഉദ്യോഗസ്ഥനാണ്.മുഹമ്മദ് ഉബൈദ്, മുഹമ്മദ് ഖാസിം ഫാത്തിമ മറിയം എന്നിവർ മക്കളാണ്. സഹോദരൻ ലഫ്റ്റനൻ്റ് കേണൽ ഡോ.മുഹമ്മദ് അബ്ദുൽ നാസർ മിലിറ്ററി ഡോക്ടറും സഹോദരി ഷഹനാസ് ബീഗം യു ഡി സിയുമാണ്. ഷംഷാദ് ബീഗത്തിന് ലാക് വോയിസിൻ്റെ അഭിനന്ദനങ്ങൾ.