അമിനി: അമിനി ദ്വീപിലെ സിദ്ധീഖ് മൗലാ അറബിക് കോളേജ് വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്റർ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു . ക്ഷയരോഗ ബോധവത്കരണത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററാണ് ഒരു സംഘം നിർമിച്ച ഏറ്റവും നീളമേറിയ പോസ്റ്റർ എന്ന നേട്ടം കൈവരിച്ചത്.
എഴുപത് വിദ്യാർത്ഥികൾ ചേർന്നാണ് ഏഴ് മീറ്റർ നീളവും ഒന്നര മീറ്റർ വീതിയുമുള്ള പോസ്റ്റർ തയ്യാറിക്കിയത്. ഹെൽത്ത് ഇൻസ്പെക്ടർ ശബീർ അലിയുടെ നേതൃത്വത്തിൽ ജൂലൈ പതിനാലിന് സ്ഥാപനത്തിൽ സംഘടിപ്പിച്ച ക്ഷയ രോഗ ബോധവത്കരണത്തിന് അധ്യാപകരും കമ്മിറ്റി ഭാരവാഹികളും പൂർണ്ണ പിന്തുണ നൽകി.
നാൽപത്തിയേഴ് മിനുട്ടുകൾ കൊണ്ടാണ് വിദ്യാർത്ഥികൾ പോസ്റ്റർ പൂർത്തിയാക്കിയത്. റെക്കോർഡ്സിൽ ഇടം പിടിച്ച പോസ്റ്ററിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഭിനന്ദനം അറിയിച്ചു. എക്സ് പ്ലാറ്റ് ഫോമിൽ വിദ്യാർത്ഥികളുടെ ഫോട്ടോ പങ്കുവെച്ച ആരോഗ്യ മന്ത്രാലയം പോസ്റ്റർ ക്ഷയരോഗ മുക്ത ഭാരതം എന്ന പദ്ധതിയെ ശക്തിപ്പെടുത്തുന്നതായി വിലയിരുത്തി.
1974 ൽ സ്ഥാപിതമായ സിദ്ധീഖ് മൗലാ അറബിക് കോളേജ് കഴിഞ്ഞ നാല് വർഷമായി മത-ഭൗതിക സമന്വയ സ്ഥാപനം ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ സഹസ്ഥാപനമായി പ്രവർത്തിച്ചു വരുന്നു.