കവരത്തി: ലക്ഷദ്വീപ് ഫുട്ബാൾ അസോസിയേഷനും കവരത്തി ഫുട്ബാൾ അസോസിയേഷനും സംയുക്തമായി അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻ്റിൽ മികവ് തെളിയിച്ച് ചാമ്പ്യൻമാരായി തെരഞ്ഞെടുക്കപ്പെട്ട കവരത്തി ഗവൺമെൻ്റ് നേഴ്സറി സ്കൂൾ നോർത്തിലെ നാല് കായിക താരങ്ങളേയും സ്കൂളിലെ അധ്യാപകരും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ആദരിച്ചു. ഹാരമണിയിച്ചും ട്രോഫിയും സമ്മാനങ്ങളും നൽകിയുമാണ് അവരെ അഭിനന്ദിച്ചത്. മുഹമ്മദ് അസ് വാൻ അലി, സൈയത് മുഹമ്മദ് റാസാൻ, അയാസ് മുഹമ്മദ് ,ആയിഷ ബീബി എന്നീ കായിക പ്രതിഭകളെയാണ് സ്കൂൾ അസംബ്ലിയിൽ വെച്ച് ആദരിച്ചത്. കായിക താരങ്ങളെ അഭിനന്ദിച്ച് സംസാരിച്ച ടീച്ചർ ഇൻ ചാർജ് പി ഒ താഹിറ അവരെ പ്രശംസിക്കുകയും മറ്റ് കുട്ടികൾക്ക് അവർ മാതൃകയാണെന്നും പറഞ്ഞു . അവർക്ക് നല്ലൊരു ഭാവി ആശംസിച്ച ടീച്ചർ മറ്റ് കട്ടികൾക്ക് ഇത് പ്രചോദനമാകണമെന്നും പഠിച്ചും കളിച്ചും മിടുക്കരാകണമെന്നും പറഞ്ഞു. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ്റെ ബ്ലു കബ് പരിപാടിയുടെ ഭാഗമായി ലക്ഷദ്വീപ് ഫുട്ബാൾ അസോസിയേഷനും കവരത്തി ഫുട്ബാൾ അസോസിയേഷനും സംയുക്തമായാണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്. അഞ്ച് വയസിനും ഏഴ് വയസിനും ഒമ്പത് വയസിനും താഴെയുള്ള മൂന്ന് വിഭാഗങ്ങളിലാണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത് അഞ്ച് വയസിന് താഴെ വിഭാഗത്തിൽ ഇരുപതോളം കുട്ടികളാണ് പങ്കെടുത്തത് കളി നിരീക്ഷിച്ച ഒരു പ്രത്യേക സമിതിയാണ് പ്രതിഭകളെ തെരഞ്ഞെടുത്തത്. അവർക്ക് ട്രോഫിയും സർട്ടിഫ് കെറ്റും ജഴ്സിയും അസോസിയേഷൻ വിതരണം ചെയ്തു. തെരഞ്ഞെടുത്ത വർക്ക് പ്രത്യേക പരിശീലനം നൽകാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. രക്ഷിതാക്കളേയും കാണികളേയും ആവേശം കൊള്ളിച്ച ടൂർണമെൻ്റായിരുന്നു ഇത്.