കവരത്തി: ഏറെക്കാലമായി യൂണിഫോം,ഉച്ചഭക്ഷണം,സമയമാറ്റം അടക്കം വിവിധ വിഷയങ്ങളിലെ 
വിദ്യാഭ്യാസ വകുപ്പിൻ്റെ വിവാദ നടപടികളിൽ നിന്ന് വ്യത്യസ്തമായി ലക്ഷദ്വീപിലെ എല്ലാ ക്ലാസ്സ്‌ റൂമുകളിലും ഇന്റർനെറ്റ്‌ സംവിധാനം ഒരുക്കാനുള്ള നടപടികൾ ആരംഭിച്ചു. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ സാമ്പത്തിക സഹായം വഴി ബി എസ്‌ എൻ എൽ മായും ലക്ഷദ്വീപ്‌ ഐ.ടി വകുപ്പിനേയും ഏകോപിപ്പിച്ച്‌ കൊണ്ടാണു വിദ്യാഭ്യാസ വകുപ്പ്‌ ഇന്റർനെറ്റ്‌ സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുന്നത്‌. 

വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉറവിടങ്ങളിലേക്ക് മികച്ച പ്രവേശനം നൽകുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്ക്‌ വിദ്യാഭ്യാസ വകുപ്പിന് ഇതിനകം എസ്ബിഐയിൽ നിന്ന് അംഗീകാരം ലഭിച്ചതായി ലക്ഷദ്വീപ്‌ വിദ്യാഭ്യാസ വകുപ്പ്‌ മേധാവി ഡോ. ശ്രീകാന്ത്‌ താപ്തിയാ ഇറക്കിയ ഉത്തരവിൽ പറയുന്നു. തുടർന്ന് ഈ നിർണായക പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിനെ (ബിഎസ്എൻഎൽ) അറിയിച്ചതായും, ബന്ധപ്പെട്ട ദ്വീപുകളിലെ പ്രിൻസിപ്പൽമാരുമായി ഏകോപിപ്പിച്ച്‌ കൊണ്ട്‌ ബിഎസ്എൻഎൽ ഇൻസ്റ്റാളേഷൻ പ്രക്രിയ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വകുപ്പ്‌ മേധാവി ഇറക്കിയ ഉത്തരവിൽ പറയുന്നു. 

കൂടാതെ അതാത്‌ സ്കൂളുകളിൽ ഇൻ്റർനെറ്റ് സേവനങ്ങൾ സുഗമവും സമയബന്ധിതവുമായ ഇൻസ്റ്റാളേഷൻ നടത്തുന്നതിനു അതാത്‌ ദ്വീപിലെ ബി എസ്‌ എൻ എൽ ഓഫീസുമായി ബന്ധപ്പെടാൻ എല്ലാ ദ്വീപുകളിലെയും പ്രിൻസിപ്പൽമാരോടും ഉത്തരവിലൂടെ  നിർദ്ദേശിക്കുകയും. ഇന്റർനെറ്റ്‌ സേവനം ക്ലാസ്സ്‌ റൂമുകളിൽ എത്രയും വേഗം പ്രയോജനപ്പെടുത്താൻ സ്കൂളുകളെ പ്രാപ്തരാക്കുന്നതിനു വേണ്ടി നടപടികളുടെ പുരോഗതി സജീവമായി നിരീക്ഷിച്ച് ഒരോ പതിനഞ്ച്‌ ദിവസം കൂടുമ്പോൾ വിശധമായ റിപ്പോർട്ട്‌ സമർപ്പിക്കുവാനും വിദ്യാസ വകുപ്പ്‌ മേധാവി സ്കൂൾ അധികൃതർക്ക്‌ നിർദ്ധേശം നൽകി.