ആന്ത്രോത്ത്: നൂറ്റി അൻപത് വിദ്യാർത്ഥികളാണ് ആന്ത്രോത്തിൽ ഇത്തവണ പ്ലസ് വണ്ണിന് അപേക്ഷിച്ചത് അതിൽ എൺപത്തിയഞ്ചു വിദ്യാർത്ഥികളും സയൻസ് ഗ്രൂപ്പിൽ ചേരാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്.

എന്നാൽ, വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം ആകെയുള്ള നൂറ്റി അൻപത് വിദ്യാർത്ഥികളെയും മൂന്നായി തിരിച്ച് അൻപത് വീതം വിദ്യാർത്ഥികളെ സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ഗ്രൂപ്പുകളിലേക്ക് വീതം വെക്കണമെന്നായിരുന്നു.

വിവരമറിഞ്ഞ വിദ്യാർത്ഥികളും രക്ഷിതാക്കളും നിരാശരായി ആശിച്ച കോഴ്സ് പഠിക്കാൻ നാട് വിടേണ്ടി വരുമോ എന്ന് പോലും ചിന്തിച്ചു.

അതിനിടെയാണ് നിയുക്ത എംപി ഹംദുല്ല സഈദ് എത്തുന്നതും രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രശ്നം അവതരിപ്പിക്കുന്നതും. ആന്ത്രോത്ത് മഹാത്മാ ഗാന്ധി സീനിയർ സെക്കണ്ടറി സ്കൂൾ സന്ദർശിച്ച എംപി ശക്തമായി ഇടപെട്ട് ഉടൻ പരിഹാരം കാണുമെന്ന ഉറപ്പും  നൽകി.

എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് എംപി നടത്തിയ ഇടപെടലിന്റെ ഫലമായി ആന്ത്രോത്തിൽ ഓരോ വിദ്യാർത്ഥികൾക്കും അവരവർ അപേക്ഷിച്ച വിഷയത്തിൽ ഇനി പഠിക്കാം.

സയൻസ് ഗ്രൂപ്പിൽ  എൺപത്തിയഞ്ചു പേർക്കും  ഹ്യുമാനിറ്റീസിൽ  മുപ്പത്തിയഞ്ചു പേർക്കും കോമേഴ്‌സിൽ മുപ്പത് പേർക്കും അപേക്ഷിച്ചത് പ്രകാരം പഠിക്കാനുള്ള അവസരം കൈവന്നതിന്റെ ആശ്വാസത്തിലാണ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും.