ലക്ഷദ്വീപിൽ 4 സ്ഥാർത്ഥികൾ മത്സര രംഗത്തുണ്ടെങ്കിലും സിറ്റിങ് എം പി പി പി ഫൈസലും മുൻ എം പി അഡ്വ: ഹംദുള്ള സഈദും തമ്മിലാണ് ഇത്തവണയും പ്രധാന പോരാട്ടം. ഇരുവർക്കും കൃത്യമായ വോട്ട് ബാങ്കുള്ള ഇവിടെ സംഘപരിവാറിന് നേട്ടം കൊയ്യാൻ സാധിക്കില്ലെന്ന് തീർച്ചയാണ്

പതിനെട്ടാം ലോക്സഭയിലേക്ക് സമർപ്പിക്കപ്പെട്ട നാമ നിർദ്ദേശ പത്രികകളിൽ നാലെണ്ണമാണ് വരണാധികാരി സ്വീകരിച്ചത്. ഇവരിൽ ആരെങ്കിലും പിൻമാറിയാൽ പോലും ഈ നാലിലൊരാൾ ലക്ഷദ്വീപിനെ പ്രതിനിധീകരിക്കും. സമ്മതിദായകർ തങ്ങളുടെ അവകാശം നൂറ് വട്ടം ആലോചിച്ചു കൊണ്ടേ ഉപയോഗിക്കാൻ പാടുള്ളൂ. പ്രത്യേകിച്ച് ലക്ഷദ്വീപിൻ്റെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുമ്പോൾ. ബി ജെ പിയുടെ പിന്തുണയോടെ നിൽക്കുന്ന യൂസുഫ് സഖാഫിയും സ്വതന്ത്രനായി നിൽക്കുന്ന കോയയും ജയിക്കാനല്ല നിൽക്കുന്നതെന്നാണ് പൊതു ചിന്ത. മറ്റു രണ്ടു പേരും എം പി സ്ഥാനം അലങ്കരിച്ചവർ തന്നെ. പത്ത് വർഷം മുമ്പ് എം പി ആയിരുന്ന അഡ്വ: ഹംദുല്ല സഈദും പത്ത് വർഷമായി എം പി ആയി തുടരുന്ന പി പി ഫൈസലും. അത് കൊണ്ട് രണ്ട് പേരുടെയും ഭരണം എങ്ങനെയെന്ന് വിലയിരുത്താൻ വോട്ടർമാർക്ക് എളുപ്പമാണ്. ഏതായാലും നിലവിലുള്ള ലക്ഷദ്വീപിലെ ജീവിത സാഹചര്യം എത്രമാത്രം ദുർഘടമെന്ന് ഒരാൾക്കും പറഞ്ഞു തരേണ്ടതില്ല. അറബിക്കടലിലെ ഇന്ത്യയുടെ അലങ്കാരമായിരുന്ന ഈ ദ്വീപ് സമൂഹം ഇന്ന് ഭരണ വർഗ ദ്രോഹങ്ങൾക്കൊണ്ട് കണ്ണീരിന്റെ തീരങ്ങളായി മാറിക്കഴിഞ്ഞു. സാധാരണക്കാരന് പിടിച്ചു നിൽക്കാൻ പറ്റാത്തത്ര തകർന്നു തരിപ്പണമായി ദ്വീപിന്റെ ജീവിതാന്തരീക്ഷം. ദിവസം ഒരു നൂറ് രൂപയെങ്കിലും സമ്പാദിക്കാനുള്ള വഴി കണ്ടെത്താൻ കഴിയാതെ യുവാക്കൾ നട്ടം തിരിയുകയാണ്. അത്യാവശ്യ കാര്യങ്ങൾ പോലും നടത്താനുള്ള മാർഗം കണ്ടെത്താൻ പറ്റാതെ വഴിമുട്ടി നിൽക്കുന്ന വലിയൊരു കൂട്ടം രക്ഷിതാക്കളുടെ നാടാണിന്ന് ലക്ഷദ്വീപ്. നിരന്തരമായ ഗതാഗത ദുരിതവും തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം പൊറുതിമുട്ടിയ ജനങ്ങൾ അവരുടെ സമ്മതിദാന അവകാശം കൃത്യമായി ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.