പത്ത് ദ്വീപിലേക്കുമുള്ള മുഴുവൻ യാത്രക്കാർക്കും കൂടി ഒരു കപ്പൽ!
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നയം ഇതാണ്. ഈ അടുത്ത കാലത്തായി അഡ്മിനിസ്ട്രേഷൻ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കപ്പൽ പ്രോഗ്രാംമിങ്ങിന്റെ പിന്നിലെ ലക്ഷ്യവും ഇതാണെന്ന് ബോധമുള്ള ഒരാൾക്കും പറഞ്ഞു തരേണ്ടതില്ല.

നിലവിലുള്ള എട്ടു കപ്പലുകൾക്ക് അധിക സമയവും വിശ്രമമാണ്. ഒറ്റക്കപ്പലിൽ മാത്രം പലപ്പോഴും സർവ്വീസ് ഒതുക്കുന്നത് ഏറ്റവും കൂടുതൽ പാസഞ്ചർമാർ ഉള്ള സമയത്ത് ആവുന്നത് അപ്രതീക്ഷിതമായിട്ടാണെന്ന് പറയാൻ വയ്യ.

ഒന്ന് രണ്ട് മാസങ്ങൾക്ക് മുമ്പ് ഒറ്റ കപ്പലിൽ മാത്രം സർവീസ് ചുരുക്കിയപ്പോൾ വിദ്യാർത്ഥികളും രക്ഷിതാക്കലുമടക്കം വലിയൊരു സമൂഹം അനുഭവിച്ച പ്രയാസങ്ങൾ ലാക് വോയിസ് അടക്കമുള്ള മീഡിയകൾ തുറന്നു കാട്ടിയിരുന്നു.

പക്ഷെ, ജന വിരുദ്ധ മൈൻഡ്സെറ്റ് ഉള്ള അധികൃതർക്ക് അതൊന്നും ഓർമ്മയുണ്ടാവില്ല. കോൺഗ്രസ്‌ പ്രസിഡന്റ് അഡ്വ: ഹംദുല്ല സയീദിന്റെ നേതൃത്വത്തിൽ പോർട്ട്‌ അധികാരിയെ കണ്ട് വിഷയങ്ങൾ ധരിപ്പിച്ചത് വഴി അൽപ്പം ആശ്വാസം ഇടക്കാലത്ത് ഉണ്ടായിയെങ്കിലും വീണ്ടും ഒറ്റക്കപ്പലിലേക്ക് ലക്ഷദ്വീപിന്റെ ഗതാഗത രംഗം വീർപ്പ് മുട്ടുകയാണ്.

ഇത്‌ വഴി ദ്വീപിലെ സാധാരണക്കാർക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം എത്രമാത്രമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഓരോ ദ്വീപിലെയും നൂറുക്കണക്കിന് ആളുകൾ വൻകരയിൽ കുടുങ്ങി കിടക്കുകയാണ്. ആരാണ് ഇതിന് പരിഹാരം കാണേണ്ടത് ?

ചികിൽസ ആവശ്യങ്ങളടക്കം ആശ്വാസം തേടി കേരളത്തിലെത്തി കപ്പലും ടിക്കറ്റും കിട്ടാതെ വലയുമ്പോൾ ഓരോ ദിവസവും അവർക്ക് ചില വാക്കേണ്ടി ആയിരങ്ങളാണ്. കുടുംബത്തോടൊപ്പം പോയവരുടെ കാര്യം പിന്നെ പറയുകയും വേണ്ട.

നിത്യ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ തന്നെ സാമ്പത്തികമായി കഷ്ടപ്പെടുന്ന ഈ കാലത്ത് ഇത്തരം അനാവശ്യ ചിലവുകളും കൂടി വരുമ്പോൾ പാവപ്പെട്ട ദ്വീപുകാരന് അത് താങ്ങാവുന്നതിലും അപ്പുറമാകുന്നു.

ജനദ്രോഹപരമായ അഡ്മിനിസ്‌ട്രേഷന്റെ ഇത്തരം നീക്കങ്ങളിൽ നിലവിൽ ലക്ഷദ്വീപിലെ ഏക ജനപ്രതിനിധിയായ ഫൈസൽ സ്വീകരിക്കുന്ന നിലപാടുകളാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ജനങ്ങളുടെ മുതുകത്ത് കേറിയുള്ള ഭരണകൂടത്തിന്റെ താന്തോന്നിത്തരങ്ങൾക്ക് കുടപിടിക്കുകയാണ് അദ്ദേഹം. മൗനത്തിൽ പൊതിഞ്ഞ പിന്തുണയുമായി അഡ്മിനിയുടെയും പ്രധാന മന്ത്രിയുടെയും പ്രീതി പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണ് ഫൈസൽ എന്ന് സംശയിക്കാതെ വയ്യ.