ബാഹിർ കുന്നി ബംബന്റെ *മിഴി തുറന്നു മിനിക്കോയിയിൽ* എന്ന പുസ്തകത്തിലെ ഓരോ അധ്യായവും വായിക്കുമ്പോൾ തീരാതിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി. അത്രയും ഹൃദ്യമായ രചനയാണ് അദ്ദേഹത്തിന്റേത്. കണ്ണ് തുറന്നു തന്നെ മിനിക്കോയി കാണാൻ സാധിച്ചു.

ഞാനും മിനിക്കോയിയിൽ പല തവണ\u0026nbsp; പോയിട്ടുണ്ട്. പക്ഷേ മിഴി തുറന്നല്ല എന്നു മാത്രം.മിനിക്കോയിയില കോടിയിലെ പരന്ന താലിക്കല്ലുകൾ ചവിട്ടി നടന്നു നടന്നു തലചുറ്റി തിരികെ വന്നു.ഗുഹ കണ്ടതേയില്ല.

തുങ്ഡിയുടെ മനോഹാരിത കണ്ടത് കൂടുതലും മൊബൈലായിരുന്നു. ചാർബത്തിയിലെ ആലിൻചുവട്ടിലെ സിമന്റു ബെഞ്ചിൽ കൂട്ടുകാരനുമൊത്തിരുന്ന് സെൽഫി എടുത്തപ്പോഴും ലൈറ്റ് ഹൗസ് കയറിയപ്പോഴും ഒക്കെ തോന്നാത്ത അനുഭൂതി ഈ പുസ്തകം വായിച്ചപ്പോൾ അനുഭവപ്പെട്ടു.

എസ്. കെ. പൊറ്റക്കാടിന്റെ കാപ്പിരികളുടെ നാട്ടിൽ\ എന്ന യാത്രാ വിവരണം പോലെ മനോഹരമായാണ് ഈ പുസ്തകവും നമ്മെ മിനിക്കോയിയിലേക്ക് കൊണ്ടുപോകുന്നത്.

ഏതോ വീട്ടുകടയിലെ സ്ത്രീയോട് ചില മഹൽ ലിപികൾ എഴുതി പഠിച്ചിരുന്നു. പിന്നീടത് മറന്നു. ഈ പുസ്തകത്തിൽ ദ്വിവേഹി ലിപിയെ പരിചയപ്പെടുത്തുമ്പോൾ കുറച്ചു കൂടി പഠിക്കണമായിരുന്നെന്നു തോന്നുന്നു.

വില്ലേജുകൾക്കിടയിലൂടെ നടന്ന് അവിടുത്തെ സംസ്ക്കാരത്തെ പുച്ഛത്തോടെ എന്തിനോടോ ഉപമിച്ചു നോക്കിയതും ഓർമ വരുന്നു. പിന്നെ കപ്പലിൽ നിന്ന് ബോട്ടിൽ ജെട്ടിയിലേയ്ക്കും തിരിച്ചും ഉളള ദീർഘമായ ബോട്ടുയാത്രയും മാത്രമേ ഉളളൂ മനസ്സിൽ.

എല്ലാം മിനിക്കോയിയുടെ ബാഹ്യ മുഖങ്ങൾ മാത്രം. അതിന്റെ ആത്മാവും ഹൃദയവും തൊട്ടറിഞ്ഞത് ഈ പുസ്തകം വായിച്ചപ്പോഴാണ് ഇപ്പോൾ ഒന്നുകൂടി അവിടം കാണാൻ ആശ തോന്നുന്നു. മിനിക്കോയിയുടെ ചരിത്രവും സംസ്ക്കാരവും ഭൂമിശാസ്ത്രവും ഈ പുസ്തകത്തിൽ വിശദമായി പറഞ്ഞു പോകുന്നുണ്ട് - ബോറടിപ്പിക്കാതെ തന്നെ. മിനിക്കോയിയുടെ ഭൂത കാലം ഈ പുസ്തകത്തിലൂടെ കുറച്ചെങ്കിലും അറിയാൻ കഴിഞ്ഞപ്പോൾ അവിടുത്തുകാരോടുണ്ടായിരുന്ന നീരസം മാഞ്ഞു പോയി പകരം ഒരു ബഹുമാനം നിറഞ്ഞു. കിട്ടാവുന്ന എല്ലാ സ്മരണികകളും ഗ്രന്ഥങ്ങളും വായിക്കണമെന്ന അഭിനിവേശം ശക്തമാക്കുന്നുണ്ടീ പുസ്തകം. സ്ത്രീകളുടെ കൂട്ടായ്മയും ശാക്തീകരണവും മേൽക്കോയ്മയും ഇപ്പോഴാണ് എനിക്ക് ദഹിച്ചത്. ഒരിക്കൽ സഹപാഠിയുടെ വീട്ടിൽ ചെന്നപ്പോൾ അവൻ പ്രകടിപ്പിച്ച അകൽച്ചയുടെ കാരണം ഇപ്പോൾ വ്യക്തമായി. വെൽ 3 എന്നത് ഞാൻ ഒരിക്കലും കേട്ടതേയില്ല. ഈ പുസ്തകത്തിലൂടെ ഇപ്പഴാണ് അത് കേൾക്കുന്നത്. അവിടെ പോയപ്പോഴൊന്നും ഇതിനെ കുറിച്ച് ആരും പറഞ്ഞത് കേട്ടതേയില്ല.

മറ്റു ദ്വീപുകാർക്കും വിദ്യാർത്ഥികൾക്കും ഈ പുസ്തകം ഏറെ പ്രയോജനപ്പെടും. ഈ പുസ്തകം ഇംഗ്ലീഷിലേയ്ക്ക് കൂടി വിവർത്തനം ചെയ്താൽ ടൂറിസ്റ്റുകൾക്കും മിനിക്കോയിയുടെ ഹൃദയ സ്പന്ദനം കേൾക്കാൻ പറ്റും.

ആശംസകളോടെ:
മഹദാ ഹുസൈൻ കിൽത്താൻ