2013 - 14 അധ്യയനവർഷം , തന്റെ ഏഴാം വയസ്സിൽ ഇന്റർ ജെ.ബി സ്കൂൾ കായിക മത്സരങ്ങളിൽ പങ്കെടുത്ത് ശ്രദ്ധേയമായ വിജയം കൈവരിച്ച മിടുക്കിയാണ് മുബസ്സിനാ മുഹമ്മത്. മത്സരിച്ച അഞ്ചിനങ്ങളിൽ നാലിലും അവൾ തന്നെയായിരുന്നു ഒന്നാം സ്ഥാനക്കാരി . അതിനാൽ കായികാധ്യാപകരുടെ ഇഷ്ടഭാജനമായി മാറുക സ്വാഭാവികം. തുടർന്ന് 2014-15 ഇന്റർ ജെ.ബി സ്കൂൾ സ്പോർട്സ് ഫെസ്റ്റിവല്ലിലും 2016, 2017, 2018, 2019 വർഷങ്ങളിലെ LSG യിലും പങ്കെടുത്ത് തന്റെ മുൻഗാമികളുടെ നിരവധി മീറ്റ് റെക്കോർഡുകൾ അവൾ തിരുത്തിക്കുറിച്ചു. മുബസ്സിനാ മുഹമ്മതിന്റെ ഉമ്മ റുബീനാ ആന്ത്രോത്ത് സ്വദേശിനിയും ബാപ്പ മുഹമ്മത് മിനിക്കോയി ദ്വീപുകാരനുമാണ്. മുബസ്സിന തന്റെ പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയത് തന്റെ പിതാവിന്റെ ജന്മനാടായ മിനിക്കോയ് ദ്വീപിൽ വെച്ചായിരുന്നു. അങ്ങിനെയിരിക്കെ മുബസ്സിനാ തന്റെ ഒൻപതാമത്തെ വയസ്സിൽ നാഷണൽ മിനിക്കോയ് ഫെസ്റ്റിൽ മാരത്തോൺ ഓട്ട മത്സരത്തിൽ മറ്റ് മത്സരാർത്ഥികളെ ബഹുദൂരം പിന്നിലാക്കി ഓട്ടം പൂർത്തിയാക്കി ഒന്നാം സ്ഥാനക്കാരിയായതു മുതൽക്കാണ് ആ പിഞ്ചു ബാലിക നാട്ടുകാരുടെ പ്രിയങ്കരിയാവുന്നത്. തുടർന്ന് 2016ലും 2018 ലും നടന്ന നാഷണൽ മിനിക്കോയ് ഫെസ്റ്റിൽ മാരത്തോൺ മത്സരത്തിൽ ചരിത്രം ആവർത്തിക്കപ്പട്ടു.
ലോങ്ങ് ജെംപിലും ,ഷോട്ട്പുട്ടിലും, ജാവലിൻത്രൊയിലും 100 മീറ്റർ 400 മീറ്റർ , 600 മീറ്റർ ഓട്ട മത്സരങ്ങളിലും ദേശീയ തലത്തിൽ പങ്കെടുക്കുകയും വളരെ മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെക്കുകയും നിരവധി പൊസിഷനുകൾ നേടി കായിക ലക്ഷദ്വീപിന്റെ നവജ്യോതിസ്സായി തിളങ്ങി.
2021 ൽ കേരള സംസ്ഥാന അത് ലറ്റിക്ക് അസോസിയേഷൻ സംഘടിപ്പിച്ച 65-ാമത് കോഴിക്കോട് ഡിസ്ട്രിക്ട് സീനിയർ & ജൂനിയർ അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജംപിൽ സംസ്ഥാന തല റെക്കോർഡോടെ ഒന്നാം സ്ഥാനക്കാരിയായതും ഹെപ്റ്റാത്ലോണിൽ ഒന്നാം സ്ഥാനക്കാരിയായതും മുബസ്സിനാ മുഹമ്മത് എന്ന 15 വയസ്സുകാരിയായിരുന്നു. പിന്നീട് 2022 ൽ അന്താരാഷ്ട്ര സ്കൂൾ ഫെഡറേഷൻ (ISF ) ഫ്രാൻസിൽ സംഘടിപ്പിച്ച വേൾഡ് ജിംനാഷി യാർഡിലും അത്ലറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഗുണ്ടൂരിൽ സംഘടിപ്പിച്ച 33-ാമത് സൗത്ത് സോൺ ജൂനിയർ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിലും, ഭോപ്പാലിൽ നടന്ന 17-ാമത് യൂത്ത് അത്ലറ്റിക്ക് ചാമ്പ്യൻ ഷിപ്പിലും ഒന്നാം സ്ഥാനക്കാരിയായി. അതെ വർഷം ഭോപ്പാലിൽ നടന്ന ഖേലൊ ഇന്ത്യയിലും ലോങ്ങ് ജംപിൽ വെള്ളിമെഡലോടെ മുബസ്സിനാ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു.
കായിക മികവു പ്രകടിപ്പിക്കാൻ സിന്തറ്റിക്ക് ട്രാക്കുകളൊ മികച്ച പരിശീലന കേന്ദ്രങ്ങളൊ ഇല്ലാതിരുന്നിട്ടും പരിമിതികളെ അതിജീവിച്ച ഇഛാശക്തിയും ഉമ്മ ബാപ്പമാരുടെയും കായികാധ്യാപകൻമ്മാരുടേയും പിന്തുണയും സഹകരണവും കൊണ്ട് നാലാമത് ഏഷ്യൻ അത്ലറ്റിക്ക് ചാമ്പ്യൻഷിപ് മത്സരങ്ങളിൽ പങ്കെടുക്കാനായി എണ്ണയും സ്വർണ്ണവും വിളയുന്ന ആധുനീക സൗകര്യങ്ങളാൽ സമ്പന്നമായ കുവൈത്തിന്റെ മണ്ണിൽ അവൾ ഇന്ത്യക്ക് വേണ്ടി കളിക്കളത്തിലിറങ്ങി. അറബിക്കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന തന്റെ ജന്മനാട്ടിലെ പൂഴി മണൽ തിട്ടകളിൽ മാത്രം പരിശീലിച്ച മുബസ്സിനാ മുഹമ്മതെന്ന കൊച്ചു മിടുക്കി ലോങ്ങ് ജംപിലും ഹെപ്റ്റാത്ലോണിലും രാജ്യത്തിന് വേണ്ടി വെള്ളിമെഡലുകൾ നേടി. ദേശസ്നേഹവും ദേശാഭിമാനവും സമ്മേളിച്ച പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ത്രിവർണ പതാക ഇരു കൈകളിലുമേന്തി വിക്ടറി സ്റ്റാന്റിൽ അഭിമാനത്തോടെ നിലയുറപ്പിച്ച സന്ദർഭം TV യിലൂടെ ദർശിച്ചപ്പോൾ അഭിമാനവും സന്തോഷവും കൊണ്ട് മനസ്സ് വിങ്ങുകയായിരുന്നു. എന്നെപ്പോലെ പലർക്കും ഈ ഒരു കാഴ്ച ജീവിതത്തിലെ അത്യപൂർവ്വവും അനർഘവും മറക്കാനാവാത്തതുമായിരിക്കും സംശയമില്ല.
ഈ വർഷവും അതായത് 2023 ലും മുബസ്സിനാ നിരവധി ദേശീയവും അന്തർദേശീയവുമായ മത്സരങ്ങളിൽ മാറ്റുരച്ചു. കർണാടകയിലെ ഉഡുപ്പിയിൽ നടന്ന 18ാമത് യൂത്ത് അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ലോങ്ങ് ജംപിലും ഹെപ്റ്റാത്ലോണിലും സ്വർണ മെഡലുകൾ നേടി. തുടർന്ന് ഉസ്ബക്കിസ്ഥാനിൽ നടന്ന 5-ാമത് യൂത്ത് അത്ലറ്റിക്സിലും പങ്കെടുത്ത് രാജ്യത്തിന് അവൾ വെങ്കലം സമ്മാനിച്ചു. ശാരീരികാസ്വാസ്ത്യങ്ങൾ കാരണം നിർഭാഗ്യവശാൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ച വെക്കാനായില്ലെങ്കിലും ഹെപ്റ്റാത്ലോണിലും മുബസ്സിനാ നാലാം സ്ഥാനക്കാരിയായി. 2023 ൽ തെലുങ്കാനയിലെ വാറംഗലിൽ വച്ചു നടന്ന 34 ാമത് സൗത്ത് സോൺ ജൂനിയർ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജംപിലും ഹെപ്റ്റാത്ലോണിലും സ്വർണമെഡലുകളും U/18 girls ൽ ബെസ്റ്റ് അത്ലറ്റായും മുബസ്സിനാ മാറി. ഈ മിടുക്കിയിലൂടെ ഇനിയും ഒരുപാട് നേട്ടങ്ങൾ രാജ്യത്തിനും ജന്മദേശത്തിനും ലഭിക്കട്ടെ . പരിമിതികളും പ്രയാസങ്ങളും പ്രതിബന്ധമാകാതെ ലക്ഷദ്വീപിന്റെ പേരും പ്രശസ്തിയും ദേശാന്തരങ്ങൾ കടന്നു മുന്നേറുവാൻ മുബസ്സിനാ മുഹമ്മത് എന്ന കൊച്ചു കായിക താരത്തിലൂടെ സാധ്യമാകട്ടെ . ഈ താരപ്രഭയിൽ ലക്ഷദ്വീപ് ഇനിയും ഒരുപാടുയരങ്ങളിൽ പ്രോജ്വലിക്കട്ടെ . എന്ന് അൻപതാമത് ലക്ഷദ്വീപ് പിറവി ദിനത്തിൽ ആശംസിക്കുന്നു....
പ്രാർത്ഥനയോടെ...
(എ.ജെ. പുത്തലം.)