വിദ്യാഭ്യാസത്തെക്കാൾ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വകുപ്പ് ഉണ്ടോ?
ഒരു സമൂഹത്തിന്റെ ഭാവിയുടെ തലവര തന്നെ തീരുമാനിക്കുന്ന വിദ്യാഭ്യാസ വകുപ്പിനേക്കാൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഡിപ്പാർട്ട്മെന്റ് ഉണ്ടോ? എന്നാൽ ഇവിടെ, ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിൽ കാര്യങ്ങൾ നേരെ തിരിച്ചാണ്, എന്ന് പറഞ്ഞാൽ തല കുത്തനെ തന്നെ.
പഠനവുമായി ബന്ധപ്പെട്ട് പ്രഥമ പരിഗണന നൽകേണ്ട കാര്യങ്ങൾക്ക് പോലും യാതൊരു വിലയും നൽകാതെ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് അടിക്കടി പുറത്തിറക്കുന്ന ഓർഡറുകൾ കണ്ട് അദ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പലവുരു അന്തം വിട്ടതാണ്. വിദ്യാർത്ഥി സൗഹൃദകരമല്ലാത്തതും ആശാസ്ത്രീയവുമായ ഓർഡറുകൾ എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിന്റെ ഉത്തരം കസേരകളിട്ട് ഇരിക്കുകയാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ കവരത്തിയിലെ ആസ്ഥാന മന്ദിരത്തിൽ!
പ്രൈമറി ക്ലാസ് മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഓരോ സബ്ജക്ട് സംബന്ധിയായും ആവശ്യമായ കാര്യങ്ങൾ ആലോചിക്കുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും ട്രൈനിങ്ങ് കൊടുക്കുന്നതിനും ഉത്തരവാദിത്വമുള്ള തസ്തികയാണ് സബ്ജക്ട് എക്സ്പെർട്ട്.
എന്നാൽ ഈ തസ്തികയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ഈ തസ്തികയിൽ ഇരിക്കുന്നവരെക്കുറിച്ചും ഒരു അന്വേഷണം നടത്തിയാൽ കണ്ടെത്താനാവുക ചില വിചിത്രമായ സത്യങ്ങളാണ്. അതാത് സബ്ജക്റ്റുകളിൽ ഡിഗ്രിയും പിജിയും അതേ സബ്ജക്റ്റിൽ ബിഎഡും ചുരുങ്ങിയത് മൂന്ന് നാല് വർഷത്തെ പ്രവർത്തി പരിചയവുമുള്ളവരെയാണ് കാലാ കാലങ്ങളിൽ സബ്ജക്റ്റ് എക്സ്പർട്ട്മാരുടെ തസ്തികയിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ ഇപ്പോഴുള്ള സബ്ജക്റ്റ് എക്സ്പർട്ട് നിയമനം ഈ കീഴ് വഴക്കങ്ങളും യോഗ്യതകളും പാടേ ലംഘിച്ചുകൊണ്ടാണ്. എന്ന് മാത്രമല്ല. ഭരണകൂടത്തിന്റെ ദ്വീപ് വിരോധം നാഴികക്ക് നാൽപത് വട്ടം ഉരുവിടുന്ന രാഷ്ട്രീയം മസ്തിഷ്ക്കത്തിലലിഞ്ഞവരാണ് അവിടെ കൂട്കൂട്ടിയിരിക്കുന്നത്. ആളുകൾക്ക് മുന്നിൽ പട്ടേൽ വേട്ട പാടുന്നവർ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി ഉന്നത കേന്ദ്രങ്ങളിൽ എങ്ങനെ ഇരിപ്പുറപ്പിക്കുന്നു എന്നതിന്റെ ഉത്തരം അന്ധർധാര പഴയ പടി സജീവം തന്നെയെന്നാണ് എന്ന് തന്നെ.
സയൻസ് വിഷയത്തിൽ ഡിഗ്രിയും ബിഎഡും ഇംഗ്ലീഷിൽ ഡിസ്റ്റൻസിൽ പിജിയും ഉള്ള ഒരു പ്രൈമറി അധ്യാപകൻ എങ്ങനെയാണ് ഇംഗ്ലീഷ് സബ്ജക്റ്റ് എക്സ്പർട്ട് ആയത്? ഇംഗ്ലീഷ് വിഷയത്തിൽ ഡിഗ്രിയും ബിഎഡും ഇംഗ്ലീഷൽ ഡിസ്റ്റൻസിൽ പിജിയും ഉള്ള ഒരു അധ്യാപകൻ എങ്ങനെയാണ് മാത്തമാറ്റിക്സിനും സോഷ്യൽ സയൻസിനും സബ്ജക്റ്റ് എക്സ്പർട്ട് ആയി വന്നത്?എങ്ങനെയാണ് ഇത്തരം മാറിമായങ്ങൾ സംഭവിക്കുന്നത് ?
സബ്ജക്ട് എക്സ്പർട്ടിൻ്റെ റിക്രൂട്ട്മെൻ്റ് റൂളിൽ നിന്നും അതാത് സബ്ജക്റ്റിൽ പി.ജി വേണമെന്നുള്ള നിബന്തന സൗകര്യപൂർവ്വം എടുത്ത് മാറ്റുക. ഡിഗ്രിക്ക് ഒരു വിഷയവും ഡിസ്റ്റൻസ് പഠനത്തിലൂടെ മറ്റൊരു വിഷയത്തിൽ പി.ജി യും ഒപ്പിച്ചെടുത്ത പ്രൈമറി അധ്യാപകനെ ഇംഗ്ലീഷ് സബ്ജക്ട് എക്സ്പർട്ട് ആക്കുക. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അധ്യാപകനെ മാത്തമാറ്റിക്സിനും സോഷ്യൽ സയൻസിനും സബ്ജക്റ്റ് എക്സ്പർട്ടിൻ്റെ തസ്തികകളിലേക്ക് ഇരുത്തുകയെന്നതൊക്കെ ഏത് ലോകത്തെ ന്യായമാണ്?
എത്രയോ മഹാരഥൻമാരായ അധ്യാപകർ കഴിവു തെളിയിച്ച് പടുത്തുയർത്തിയ ലക്ഷദ്വീപ് വിദ്യാഭ്യാസ മേഖലയുടെ തലപ്പത്തേക്ക് കുറുക്ക് വഴികളിലൂടെ ഇവർ നുഴഞ് കയറിപ്പറ്റിയത് പോലും കഴിവുള്ള അധ്യാപകരുടെ മുതുകിൽ ചവിട്ടുപടികളാക്കിയെന്നതാണ് എന്നത് ആർക്കും അന്വേഷണത്തിൽ കണ്ടെത്താബന്നതേയുള്ളൂ.
കൂടാതെ ഇത്തരക്കാർക്ക് പൂർണ്ണ പിന്തുണ നൽകുന്നതിലും എക്സ്റ്റൻഷൻ നൽകുന്നതിലും അർജുൻമാരും രാജാമാരും കാണിക്കുന്ന ശുശ്കാന്തിക്ക് പിന്നിലെ ചേതോവികാരം എന്താണാവോ?
ഇങ്ങനെ പിന്നാം പുറത്തിലൂടെ നുഴഞ്ഞ് കയറിയത് രണ്ട് അധ്യാപകർ മീഡിയക്ക് മുന്നിൽ പട്ടേൽ പട്ടേൽ എന്ന് വിളിച്ചു കൂവുന്ന ലക്ഷദ്വീപ് എം.പിയുടെ സംഘടനക്കാർ എന്ന് കൂടി ചേർത്ത് വായിക്കുമ്പോൾ നുഴഞ്ഞു കയറ്റത്തിന്റെ കുറുക്ക് വഴി വ്യെക്തമാകും.
ഇത്തരം വിചിത്രമായ നിയമനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വിദ്യാഭ്യാസ വകുപ്പിലെ രാജാമാരും അർജുൻമാരും ക്യാമറയും ഭൂതക്കണ്ണാടിയും വെച്ച് കുഞ്ഞുമക്കളുടെ യൂണിഫോം നോക്കി നടക്കുന്നതിനും അധ്യാപകരുടെ ചുമലിൽ പൊങ്ങാവുന്നതിലും കൂടുതൽ ഭാരം വെച്ചു കൊടുക്കുന്നതിനും പകരം വിദ്യാഭ്യാസ മേഖലയുടെ ആണിക്കല്ല് ഇളക്കുന്ന ഇത്തരം നുഴഞ്ഞ്കയറ്റങ്ങളെ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് എന്നേ നന്നായേനെ.