അറബിക്കടലിലെ കൊച്ചുതിരമാലകൾ അവിരാമമായി ഓടിയണഞ്ഞു കൊണ്ടിരിക്കുന്ന പഞ്ചാര മണൽതീരം. മഹാസമുദ്രത്തിൻറെ തിരുമുറ്റം. നീലയും പച്ചയും ഇടകലർന്നൊഴുകുന്ന ജലപ്പരപ്പ്. തീരത്തെങ്ങും ചിതറിക്കിടക്കുന്ന താലിക്കല്ലുകളും , കടൽ പായലുകളും അന്തർദേശീയ കപ്പലുകളിൽ നിന്ന് വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കുപ്പികളും, മാത്രം. കുറച്ചു കൂടി കരയ്ക്കണഞ്ഞാൽ നിലത്ത് കാൽവയ്ക്കാൻ പറ്റാത്ത വിധത്തിൽ ഇടതൂർന്ന് വളർന്ന മുള്ളിച്ചെടി നിറഞ്ഞ്നിൽക്കുന്ന സ്ഥലം. അവയെ കണ്ടാൽ പച്ചചായം പൂശിയതായി തോന്നും. നേരം സന്ധ്യയായി കഴിഞ്ഞിരുന്നു. ലഗൂണില്‍ ഇരുണ്ട ചുമപ്പ് നിറമുള്ള വെയിൽ മിന്നിത്തിളങ്ങുന്നു. ദിവസം മുഴുവൻ വെയിലത്ത് ചുട്ടു പഴുത്ത ഭൂമി ഇപ്പോൾ കുളിർമയുള്ള കടൽക്കാറ്റേറ്റ് തണുത്ത് തുടങ്ങിയിരിക്കുന്നു. കോഴികൾ ഓരോരുത്തരായി ചീരാണി മരക്കൊമ്പുകളിൽ താവളമിട്ടു തുടങ്ങി. കൊപ്പരാവേലികളിൽ കൊപ്ര കളറ്റിക്കൊണ്ടിരുന്നവർ ജോലി അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി. മീനും കൊണ്ട് ഡിങ്കികൾ വരുന്നതും കാത്തിരുന്നവർ ഇരുപ്പ് തുടർന്നു. പകൽ എപ്പോഴേ കഴിഞ്ഞിരിക്കുന്നു. പ്രകാശത്തിന്റെ ചുവപ്പ് മാറി ആ സ്ഥാനത്ത് ഇരുട്ട് വ്യാപിച്ചിരിക്കുന്നു.
 
ദ്വീപിന്റെ വടക്കേഅറ്റത്തുള്ള ഒരു ലൈറ്റ്ഹൗസ് വെളിച്ചം ചുറ്റി അടിച്ചു കൊണ്ടിരിന്നു. ഒരു കുഴിയുടെ മുകളിലുള്ള മൺതരികൾ ചലിച്ചു. അതിനുള്ളിൽ നിന്ന് ഒരു ഞണ്ട് പതിയെ പുറത്തുവന്നു. കൊമ്പ് പോലെയുള്ള കാലുകൾ അഗ്രതയോടെ നിരീക്ഷിച്ചു. മാനത്ത് തെളിഞ്ഞ നക്ഷത്രങ്ങൾ പോലെ അസംഖ്യം മിന്നാമിനുങ്ങുകൾ ബില്ലത്തിന് അതിരിടുന്നു. ദേഹത്ത് പറ്റിയ മൺതരികൾ കുടഞ്ഞുകൊണ്ട് കുറച്ച് സമയം കൂർത്ത കാലുകൾ മണ്ണിൽ ഉറപ്പിച്ചു അവൻ അവിടെത്തന്നെ നിന്നു. നേരം നല്ലപോലെ ഇരുട്ടാറായി. ദിവസവും അധ്വാനിച്ചു നിർമിക്കുന്ന മാളങ്ങൾ യാതൊരു ദാക്ഷണ്യവും കൂടാതെയാണ് കാറ്റുകൊള്ളാൻ വരുന്ന മനുഷ്യർ ചവിട്ടിഇടിച്ചു കളയുന്നത്. അവർക്ക് അതൊരു രസമാണ്.
 
തിരിച്ചെത്തിയ ഡിങ്കികൾ കടപ്പുറത്ത് കയറ്റി വെച്ച് മീനും തൂക്കിപ്പിടിച്ച് എല്ലാവരും പോയി. രംഗം ശാന്തം എന്ന് കണ്ടപ്പോൾ ഞണ്ട് കുഴിവെട്ട് പുറത്തേക്കോടി. വിശാലമായ തീരത്ത് പരന്നൊഴുകുന്ന ആയിരക്കണക്കിന് ഞണ്ടുകളുടെ കൂട്ടത്തിൽ അവനും അലിഞ്ഞു ചേർന്നു. പെട്ടെന്ന് ഒരു മനുഷ്യരൂപം കടപ്പുറത്തേക്ക് ഇറങ്ങിവന്ന് കറുത്തു നീണ്ട കൈകളിലെ തങ്കീസ് ചുറ്റ് മണലിലിട്ട് ഞണ്ടുകൾക്ക് പിന്നാലെ പാഞ്ഞു. ഒരു മുക്കുവനാണത്. അവന് മെട്ടിയും ബങ്കടയും പിടിക്കാൻ ഞങ്ങളെ ഇരയാക്കണം. ഞണ്ട് സർവ്വശക്തിയുമെടുത്ത് ഓടി മുള്ളിപ്പടർപ്പുകളെ പിന്നിട്ട് റോഡ് വക്കിൽ എത്തിച്ചേർന്നു.
 
ആകാശത്ത് സൗമ്യപ്രകാശം കൊളുത്തിക്കൊണ്ട് ചന്ദ്രനുദിച്ചിരിക്കുന്നു. കാറ്റിൻറെ ഓളങ്ങളിൽ തെങ്ങിൻ തൈയും അടുത്തുള്ള ചീരാണി മരവും ആടിക്കൊണ്ടിരുന്നു. കേടുവന്ന വഴിവിളക്ക് മുനിഞ്ഞു കത്തുന്നു. റോഡിലൂടെ വലിയ ശബ്ദം ഉണ്ടാക്കിക്കൊണ്ട് ഇരുട്ടിന്റെ മറപറ്റി ജെല്ലിചാക്ക് നിറച്ച ടില്ലർ കടന്നുപോയി. രാത്രി ഒരുപാട് ആയി പുതിയാപ്പിളമാർ ഭാര്യാഗ്രഹം പൂകി. ഒരു ചുണ്ടൻ ഒച്ചവെച്ചു കൊണ്ടോടിവന്ന് ഞണ്ടിന്റെ ദേഹത്ത് മുട്ടി. നടുങ്ങിപ്പോയ ഞണ്ട് പെട്ടെന്ന് ജാഗരൂകനായി.
 
കണ്ണുകൾ ശബ്ദമുണ്ടായ ഭാഗത്തേക്ക് തിരിച്ചു. കുറേ ആടുകൾ റോഡിൽ ഉറങ്ങുവാനുള്ള വട്ടം കൂട്ടുകയാണ്. അവർ കാലുകൽ നീട്ടിവെച്ച് സുഖമായി കിടപ്പായി. സ്കൂട്ടറിൽ കടപുറത്ത് എത്തിയ ചിലർ കുപ്പിയും സഞ്ചിയുമായി
ചബൂക്ക് മരച്ചോട്ടിൽ കൂനിക്കൂടി . കുറെക്കഴിഞ്ഞ് കുപ്പികൾ മുള്ളികൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞ് അവർ തിരിച്ചു പോയി. കടൽ കാറ്റിന് തണുപ്പ് കൂടി കൂടി വന്നു. കുറേ മനുഷ്യർ ഉണർന്ന് ടോർച്ചടിച്ചു തോട്ടത്തിൽ വീണു കിടക്കുന്ന തേങ്ങകൾ ശേഖരിക്കാൻ പുറപ്പെട്ടു കഴിഞ്ഞു. കുറെ സമയത്തേക്ക് ഒരു ശബ്ദവും കേട്ടില്ല, തിരമാലകളുടെ ശബ്ദം ഒഴികെ. വെളുപ്പാൻ കാലത്ത് കാറ്റിനു ശക്തി കൂടി. മറ്റൊരു ശബ്ദം തിരപൊട്ടലിനെ കവച്ചുകൊണ്ട് ഉയർന്നു. പള്ളികളിൽ നിന്നും ഉയരുന്ന ബാങ്കിന്റെ അർത്ഥവത്തായ വചനങ്ങൾ. മിക്ക വീടുകളിലും യാതൊരനക്കവും ഉണ്ടായില്ല. ചീരാണി മരങ്ങളിൽ നിന്ന് പൂവൻകോഴികളുടെ ശബ്ദം ഉയർന്നു തുടങ്ങി. വേലിയോരത്ത് കൂടി ഇഴഞ്ഞ് ഞണ്ട് കടപ്പുറത്ത് എത്തി. തന്റെ കൂട്ടുകാർ എന്തിനെയോ പൊതിഞ്ഞിരിക്കുന്നു. രാത്രി മീൻ പിടിക്കാൻ വന്നവർ ഉപേക്ഷിച്ച തൊമ്പോ മലഞ്ഞിയോ കിട്ടിക്കാണും എന്ന സന്തോഷത്തിൽ കൂട്ടത്തിൽ ചേരാൻ അവൻ കഴിയുന്നത്ര വേഗത്തിലോടി.