ചോദ്യം : കഴിഞ്ഞ കുറേ ദിവസങ്ങളായി താങ്കളും കുടുംബവും സാമുഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണല്ലോ ? നിങ്ങളെ ഒന്ന് പരിചയപ്പെടുത്താമോ?
ഇസ്മാഈൽ : എന്റെ പേര് ഇസ്മാഈൽ, ലക്ഷദ്വീലെ കടമത്ത് ദ്വീപ് സ്വദേശിയാണ് ഞാൻ. മകളും ഭാര്യയുമടങ്ങുന്ന ചെറിയ കുടുംബമാണ് എന്റേത്. മകളുടെ പേര് ഇസ്മത്ത്. ഭാര്യ രിസ്വാന.
ചോദ്യം : ചികിത്സാ പിഴവിനെ തുടർന്ന് താങ്കളുടെ മകൾക്കുണ്ടായ ദുരിത പൂർണ്ണമായ അനുഭവം ലക്ഷദ്വീപിലെമ്പാടും ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണല്ലോ ? താങ്കളുടെ തന്നെ ശബ്ദ രേഖയിലൂടെ സംഭവത്തിന്റെ കുറെ ഭാഗങ്ങൾ അറിയാൻ സാധിച്ചു. കൂടുതൽ കാര്യങ്ങൾ അറിയാൻ ഞങ്ങളുടെ വായനക്കാർക്ക് താത്പര്യമുണ്ട്. എന്തായിരുന്നു യതാർത്ഥത്തിൽ സംഭവിച്ചത്. വായനക്കാരുമായി പങ്ക് വെക്കാമോ?
ഇസ്മാഈൽ: 2015 ലാണ് സംഭവങ്ങളുടെ തുടക്കം. ഭാര്യയുടെ പ്രസവത്തിനായിട്ടായിരുന്നു അന്ന് ഇഖ്‌റഅ് മനേജ്മെന്റിന് കീഴിലുള്ള അഗത്തി ആശുപത്രിയിൽ ഞങ്ങൾ എത്തിയത്. ബ്ലീഡിങ്ങിനെത്തുടർന്ന് സിസേറിയനായിരുന്നു ചെയ്തത്. കുട്ടിക്ക് തൂക്കത്തിൽ ചെറിയ കുറവുണ്ടായിരുന്നു എന്നതൊഴിച്ചാൽ ശ്വാസ തടസ്സമോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. മൂന്ന് ദിവസം പൂർണ്ണമായും കുട്ടി ഞങ്ങളുടെ കൂടെ തന്നെയുണ്ടായിരുന്നു. നലാം ദിവസം രാവിലെ ഒൻപത് / ഒൻപതരയോടെ, ശ്വാസതടസ്സത്തിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ടെന്ന് പറഞ്ഞ് ചില നഴ്സുമാർ കുട്ടിയെ ഐ.സി.യു വിലേക്ക് കൊണ്ട് പോയി. പിന്നീട് അവർ ഞങ്ങളെ കുട്ടിയെ കാണാൻ അനുവദിച്ചില്ല. ഏകദേശം പത്ത് മണിയോടെ കുട്ടിയെ ചികിത്സിച്ചിരുന്ന കിൽത്താൻ ദ്വീപ്കാരനായ ഡോ.സമദ് എന്നെ വിളിച്ച് കുട്ടിക്ക് അൽപ്പം സീരിയസാണെന്നും ഇവാക്വേഷന് തയ്യാറാവാനും ആവശ്യപ്പെട്ടു. പത്തര മണിയോടെ ഹെലികോപ്ടർ എത്തിയിരുന്നു. ഏതായാലും ഞാനും ഭാര്യയും കവരത്തിയിൽ നിന്നും മെഡിക്കൽ സ്റ്റാഫായി വന്ന ആന്ത്രോത്ത് ദ്വീപ്കാരനായ നൂർ മുഹമ്മദ് എന്ന നഴ്സുമാണ് കുട്ടിയുടെ കൂടെ കോപ്റ്ററിൽ യാത്ര തിരിച്ചത്. മുഖമൊഴികെയുള്ള മുഴുവൻ ഭാഗങ്ങളും ഒരു തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. കുട്ടിയെ തൊടാനൊന്നും ഞങ്ങളെ അനുവദിച്ചില്ല. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ ശ്വാസ തടസ്സുമുണ്ടെന്നും ദ്വീപിൽ വേണ്ട സംവിധാനങ്ങളില്ലാത്തത് കൊണ്ടാണ് ഇവാക്ക്വേറ്റ് ചെയ്യുന്നതെന്നും പെട്ടെന്ന് തന്നെ ശരിയാവുമെന്നുമാണ് അവർ പ്രതികരിച്ചത്. എറണാകുളത്തുള്ള ലൂർദ് ഹോസ്പിറ്റലിലേക്കാണ് കൊണ്ട് പോയത്. അവിടെ എത്തി കുറച്ച് സമയത്തിന് ശേഷം ഡോക്ടർ ഞങ്ങളെ വിളിപ്പിച്ചു. കുട്ടിയുടെ കാലിനെന്താണ് പറ്റിയത് എന്ന് ചോദിച്ചു. ഞങ്ങൾക്ക് മറുപടിയൊന്നുമുണ്ടായിരുന്നില്ല. ഡോക്ടർ ഞങ്ങളെ കൊണ്ട് പോയി കുട്ടിയെ കാണിച്ചു തന്നു. ഞങ്ങളാകെ തരിച്ചിരുന്നു പോയി.. കുട്ടിയുടെ വലത് കാലിന്റെ മുട്ടിന് താഴേക്കുള്ള ഭാഗം മാരകമായി പൊള്ളലേറ്റിരിക്കുന്നു.. വിരലുകളടക്കം ഉരുകിപ്പോയിരിക്കുന്നു.. വലത് കാലിന്റെ മുട്ടിന് താഴെയായി ഒരു ഇൻജക്ഷൻ സ്ട്രിപ്പ് തൂങ്ങി കിടക്കുന്നുണ്ടായിരുന്നു... ഒരു പാഡോ ടാപ്പോ വെച്ച് പോലും ഒട്ടിച്ച് നിർത്തിയിട്ടുണ്ടായിരുന്നില്ല...ഞങ്ങൾ ആകെ തകർന്നു പോയ നിമിഷങ്ങളായിരുന്നു അത്...വിശദമായ പരിശോധനകൾക്ക് ശേഷം കുട്ടിയുടെ കണ്ണ് ഡാമേജായിട്ടുണ്ടെന്നും കേൾവി ശക്തിയെ ബാധിച്ചിട്ടുണ്ടെന്നും കുടല് പൊട്ടിയതായും കിഡ്നിയെ ബാധിച്ചിട്ടുണ്ടെന്നും രക്തത്തിൽ ഇൻഫെക്ഷൻ ഉള്ളതായും ഡോക്ടർ പറഞ്ഞു...ഞങ്ങൾ ആകെ യില്ലാതായിപ്പോയി.. ഡോ: റോജോ ജോയിയാണ് ലൂർദ് ഹോസ്പിറ്റൽ കുട്ടിയെ പരിശേധിച്ചത്.. ഇത്ര സിരീയസായ കേസ് ആ ആശുപത്രിയിൽ ആദ്യാമായിട്ടാണെന്നാണ് അദ്ധേഹം പറഞ്ഞത്..
ചോദ്യം : എങ്ങനെയാണ് കുട്ടിയുടെ കാലിന് ഇത്ര മാരകമായി പൊള്ളലേറ്റത്
ഇസ്മാഈൽ : കുട്ടിക്ക് മാറി നൽകിയ ഇൻജക്ഷന്റെ പവർ കാരണമായിരിക്കാമെന്നാണ് ലൂർദ് ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞത്. മറ്റൊരു സാധ്യതയും കാണുന്നില്ല. കുട്ടിയെ ഐ.സി.യു വിലേക്ക് കൊണ്ട് പോയത് മുതൽ ലൂർദ് ഹോസ്പിറ്റലിൽ എത്തുന്നത് വരെ കുട്ടിയുടെ ശരീരം ഞങ്ങൾ കാണാത്ത രീതിയിൽ പൊതിഞ്ഞിട്ടായിരുന്നു എന്നതും ഇതിനോട് ചേർത്ത് വായിക്കണം.
ചോദ്യം : പ്രസവ സമയം കുട്ടിക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി ഡോക്ടർ പറഞ്ഞിരുന്നോ ?
ഇസ്മാഈൽ : ഇല്ല, പ്രസവ സമയം അവൾക്കൊരു കുഴപ്പവുമുണ്ടായിരുന്നില്ല. ഡെലിവറി കഴിഞ്ഞ് മൂന്ന് ദിവസം അവൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നതല്ലേ.? നാലാം ദിവസം കുട്ടിയെ ഐ.സി.യു വിലേക്ക് കൊണ്ട് പോയതിന് ശേഷമാണ് ഇതൊക്കെ സംഭവിച്ചത്.
ചോദ്യം : താങ്കളുടെ മകൾ അഗത്തി ആശുപത്രിയിലല്ല ജനിച്ചത് എന്ന രീതിയിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിരുന്നവല്ലോ ? എന്താണ് സത്യാവസ്ഥ
ഇസ്മാഈൽ : എങ്ങനെയാണ് അവർക്ക് അത് നിഷേധിക്കാൻ കഴിയുക.. ബർത്ത് സെർട്ടിഫിക്കറ്റിൽ അടക്കം ആശുപത്രിയുടെ പേര് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
ചോദ്യം : ലൂർദ് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ പ്രതികരണമെന്തായിരുന്നു.
ഇസ്മാഈൽ : വളരെ നല്ല രീതിയിലുള്ള പെരുമാറ്റമായിരുന്നു ലൂർദ് ഹോസ്പിറ്റൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്.ഇത്ര സീരിയസായ കേസ് അവരുടെ ആശുപത്രിയിൽ ആദ്യമായിട്ടായിരുന്നു.
ചോദ്യം : ആശുപത്രി വാസത്തിന് ശേഷം എങ്ങനെയായിരുന്നു നിങ്ങളുടെ തുടർന്നുള്ള ജീവിതം ?
ഇസ്മാഈൽ : ജീവിതത്തിന്റെ താളം നഷ്ട്ടപെട്ട ദിവസങ്ങളായിരുന്നു പിന്നീടുള മുഴുവൻ നാളുകളും. ഒരോ നിമിഷവും കുട്ടി വേദന കൊണ്ട് പുളഞ്ഞു കൊണ്ടിരുന്നു. എനിക്ക് ജോലിക്ക് പോകാനോ, ഭാര്യക്ക് സ്വസ്ഥമായി വീട്ടു ജോലികൾ ചെയ്യാനോ സാധിക്കാതായി..മുഴു സമയവും കുട്ടിക്ക് കൂട്ടിരിക്കുകയായിരുന്നു ഞങ്ങൾ...രാത്രി പോലും അവൾ ഒരു പോള കണ്ണടക്കാതെ കരഞ്ഞ് കൊണ്ടിരുന്നു. ഞങ്ങൾക്ക് ഉറക്കം നഷ്ട്ടപ്പെട്ട രാത്രികളായിരുന്നു അത്.. ഞങ്ങൾക്കുണ്ടായത് പോലെയുള്ള അനുഭവം മറ്റാർക്കുമുണ്ടാവരുതേ എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ.
ചോദ്യം : കുട്ടിയുടെ വിദ്യാഭ്യാസവും മറ്റ് ദൈനം ദിന കാര്യങ്ങളും എങ്ങനെ മുന്നോട്ട് പോയി ?
ഇസ്മാഈൽ : അവൾക്കിപ്പോൾ എട്ട് വയസ്സായി. പക്ഷെ, ദൈനം ദിന / പ്രാഥമിക കാര്യങ്ങൾക്കൊക്കെയും അവൾക്ക് പരസഹായം കൂടാതെ കഴിയില്ല. അംഗവൻ വാടി, നഴ്സറി വിദ്യാഭ്യാസം നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അതിന് പറ്റിയ അവസ്ഥയിലല്ലായിരുന്നു കുട്ടി. എങ്കിലും ഒരു വർഷം മുമ്പ് അവളെ സ്കൂളിൽ ചേർത്തി. അഗത്തി സൗത്ത് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അവളിപ്പോൾ. പക്ഷെ പല ദിവസങ്ങളിലും അസ്വസ്സ്ഥയും വയലന്റുമാകുന്നത് കൊണ്ട് തന്നെ റെഗുലറായി അവളെ ക്ലാസിന് പറഞ്ഞയക്കാൻ കഴിയാറില്ല. നന്നായി സമയമെടുത്താണ് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയുക. അത് കൊണ്ട് തന്നെ അവൾക്ക് സെപ്പറേറ്റായിട്ടാണ് ക്ലാസുകൾ ഉണ്ടാവാറ്. അധ്യാപകർ അവളുടെ വിദ്യാഭ്യാസ കാര്യത്തിൽ നന്നായി താത്പര്യം കാണിക്കാറുണ്ട്.
ചോദ്യം : ഇത് ഒരു ഗുരുതരമായ ചികിത്സാപ്പിഴവാണെന്ന് ഉറപ്പായ സ്ഥിതിക്ക്, ആരോഗ്യ വകുപ്പുമായോ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുമായോ ബന്ധപ്പെട്ടിരുന്നോ ?
ഇസ്മാഈൽ: കഴിഞ്ഞ എട്ട് വർഷങ്ങളായി ഞാൻ അവരുടെ ഓഫീസുകളിൽ കയറിയിറങ്ങുകയാണ്. ഇക്കാലയളവിനടയിൽ നിരവധി അപേക്ഷകളും പരാതികളുമാണ് അവർക്ക് മുമ്പിൽ സമർപ്പിച്ചത്. പക്ഷെ ഇത് വരെ അവക്ക് ഒരു മറുപടിയോ ഒരു അന്വേഷണമോ പോലും അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
ചോദ്യം : ഔദ്യോഗിക മറുപടികൾക്കപ്പുറം, ആരോഗ്യ വകുപ്പിൽ നിന്നോ ബന്ധപ്പെട്ടവരിൽ നിന്നോ എന്തെങ്കിലും സഹായ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നോ ?
ഇസ്മാഈൽ : നിരന്തര അവഗണനയിൽ മനം മടുത്ത് ഈ വിഷയങ്ങൾ മീഡിയക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. അതിന് മുന്നോടിയായി എന്റെ ഈ തീരുമാനം അറിയിച്ച് കൊണ്ട് 04-04-2016 ന് ലക്ഷദ്വീപ് അഡ്മിനിട്രേഷനും ആരോഗ്യ വകുപ്പിന്നും അവസാനമായി ഞാൻ ഒരു കത്തെഴുതി. അന്നേ ദിവസം തന്നെ എന്റെ അഡ്രസ്സിൽ അന്നത്തെ മെഡിക്കൽ ഡയറക്ടർ ഹംസക്കോയയുടെ ഒരു കത്ത് ലഭിച്ചു. ലക്ഷദ്വീപ് ഗവ: മെന്റിന് കീഴിലോ / സ്പോർട്സിന് കീഴിലോ എനിക്ക് ജോലി ശരിപ്പെടുത്തി നൽകാൻ ശുപാർശ ചെയ്തു കൊണ്ടുള്ള ഒരു കത്തായിരുന്നു അത്. എന്നാൽ പിന്നീട് അദ്ദേഹം ആ വിഷയത്തിൽ നിന്ന് ഒഴിഞ്ഞ് മാറി. ഞാൻ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എന്റെ ഫോണുകൾ പോലും അദ്ധേഹം അറ്റൻഡ് ചെയ്തില്ല. ഞാൻ മീഡിയക്ക് മുന്നിലേക്ക് പോവുന്നത് തടയുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഈ കത്ത് ലഭിച്ച അതേ ദിവസമോ അതിന്റെ അടുത്ത ദിവസങ്ങളിലോ എൽ ഡി. സി.എല്ലിന്റെ ഭാഗത്ത് നിന്ന് അമ്പതിനായിരം രൂപയുടെ സാമ്പത്തിക സഹായവും ലഭിച്ചു. അന്നത്തെ കടമത്ത് SDO ഒരു പൊതു പരിപാടിയിൽ വെച്ചാണ് എനിക്കത് കൈമാറിയത്.
ചോദ്യം : സാധരണ ഗതിയിൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മുടെ ജനപ്രതിനിധികളെയും സാമൂഹ്യ പ്രവർത്തകരെയും സഹായത്തിനായി സമീപിക്കാറുണ്ടല്ലോ? അങ്ങനെ ആരെയെങ്കിലും താങ്കൾ സമീപിച്ചിരുന്നോ ?
ഇസ്മാഈൽ: എട്ട് തവണയാണ് നമ്മുടെ എം.പി മുഹമ്മദ് ഫൈസലുമായി ഈ വിഷയത്തിൽ ഞാൻ കൂടിക്കാഴ്ച്ച നടത്തിയത്. ഒരോ തവണയും സുഖ വിവരങ്ങൾ അന്വേഷിച്ചതല്ലാതെ ഒരു തരത്തിലുള്ള സഹായവും അദ്ധേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. എട്ടാം തവണ എംപിയുമായി കൂടിക്കാഴ്ച്ച നടത്തിയത് കടമത്ത് ദ്വീപിൽ വെച്ചായിരുന്നു.. അന്ന് അദ്ധേഹം ഈ വിഷയത്തെക്കുറിച്ച് ഒന്നുമറിയാത്ത പോലെയാണ് പെരുമാറിയത്. കുട്ടിക്ക് എന്താണ് പറ്റിയത്, ഏത് ഹോസ്പിറ്റലിലാണ് ചികിത്സച്ചത് എന്നിങ്ങനെ വിചിത്രമായ ചോദ്യങ്ങളാണ് ചോദിച്ചത്. മുമ്പ് ഏഴ് തവണ ഞാൻ എം.പിയെ ബോധിപ്പിച്ച കാര്യങ്ങളായിരുന്നു അവ. എന്റെ കൂടെ വന്ന കടമത്ത് എൻ.സി.പി പാർട്ടി പ്രവർത്തകരും ഈ സംഭവത്തിന് സാക്ഷികളാണ്.
ഇവരൊക്കെയും ആരെ സംരക്ഷിക്കാനാണ് ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞ് മാറി കൊണ്ടരിക്കുന്നതും എന്നെയും കുടുംബത്തെയും കബളിപ്പിക്കുന്നതും എന്ന് എനിക്കറിയില്ല. കുട്ടിയെ ചികിത്സിച്ച ഡോ.സമദും അതെ പോലെ അന്നത്തെ മെഡിക്കൽ ഓഫീസർ ഡോ. ഹംസക്കോയയും എൻ.സി.പി പാർട്ടി അനുഭാവികളാണ് എന്നാണ് എന്റെ അറിവ്.
ചോദ്യം : ഈ ഒരു അവസ്ഥയിൽ നമ്മുടെ ഭരണത്തലവനായ അഡ്മിനിട്രേറ്റർമാരെ കണ്ട് നിവേദനങ്ങൾ നൽകിയിരുന്നോ ? എന്തായിരുന്നു അവരുടെ പ്രതികരണങ്ങൾ ?
ഇസ്മാഈൽ : നിലവിലെ അഡിമിനിസ്ട്രേറ്റർ പട്ടേൽ സാറുമായി മാത്രമാണ് ഈ വിഷയത്തിൽ നേരിൽ വിശദമായ കൂടിക്കാഴ്ച്ച നടത്താൻ അവസരം ലഭിച്ചത്... ലക്ഷദ്വീപ് അഡ് മിനിട്രേഷനാണ് ഞാൻ കംപ്ലയിന്റു നൽകി കൊണ്ടിരുന്നത് എന്നത് കൊണ്ട് തന്നെ അങ്ങന കാണേണ്ടത് ആവശ്യമാണെന്നും തോന്നിയിരുന്നില്ല... മുൻ അഡ്മിന്ട്രേറ്റർ ഫാറൂഖ് ഖാനെ ഒന്ന് രണ്ട് തവണ അദ്ധേഹത്തിന്റെ ഓഫീസിൽ വെച്ച് കണ്ടെങ്കിലും അദ്ധേഹത്തിന്റെ പക്കൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല.
2021 ലാണ് പട്ടേൽ സാറുമായി കൂടിക്കാഴ്ച്ച നടത്താൻ അവിചാരിതമായ ഒരവസരം ലഭിച്ചത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് തവണ ലക്ഷദ്വീപ് അഡ്മിനിട്രേഷൻ ഒഫീസിൽ കയറിങ്ങിയത് കൊണ്ടും ഓഫീസിൽ നിന്നും കാര്യമായ പ്രതികരണം ലഭിക്കാത്തത് കൊണ്ടും അഡ്മിനിസ്ട്രറ്ററോട് നേരിട്ട് കാര്യങ്ങൾ ധരിപ്പിക്കണമെന്ന് ഞാൻ തീരുമാനിച്ചുറപ്പിച്ചിരുന്നു. അങ്ങനെയിരിക്കയാണ് മകളുടെ ചികിത്സാവശ്യാർത്ഥം ഞങ്ങൾ കവരത്തി ദ്വീപിലുള്ളപ്പോൾ അദ്ധേഹം അവിടെയെത്തുന്നത്. ഒരു റെപ്രസന്റേഷനൊക്കെ റെഡിയാക്കി പല തവണ അദ്ധേഹത്തെ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനിടെയാണ് അദ്ധേഹം ആശുപത്രി സന്ദർശനത്തിനായി വരുന്നുണ്ടെന്ന അറിയിപ്പ് ലഭിച്ചത്. ഞങ്ങൾ അപ്പോൾ ആശുപത്രിയിലുണ്ടായിരുന്നു. ഏതായാലും സന്ദർശനത്തിനെത്തിയ അദ്ധേഹം എന്നെയും കുഞ്ഞിനെയും ആശുപത്രി മുറ്റത്ത് വെച്ച് കാണാനിടയായി. ഞങ്ങളുടെ അവസ്ഥ കണ്ടിട്ടോ / കൂടെയുള്ളവർ പറഞ്ഞിട്ടോയെന്നറിയില്ല തിരിച്ചു പോവുമ്പോൾ ഞങ്ങളെ തന്റെ ഓഫീസിലെത്തിക്കാൻ കൂടെയുണ്ടായിരുന്നവർക്ക് നിർദേശം നൽകി. തയ്യാറാക്കി വെച്ച റെപ്രസന്റേഷൻ എന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഞങ്ങൾ അതുമായി അദ്ദേഹത്തിന്റെ ഓഫീസിലെത്തി. അദ്ധേഹം സ്വസ്ഥമായി അത് വായിക്കുകയും സുഖ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ശേഷം നിങ്ങൾ ഒരു പത്ത് ലക്ഷം രൂപ ധന സഹായം മതിയോ എന്ന് ചോദിച്ചു. എന്നെ സംബന്ധിച്ച് വലിയ ആശ്വാസം നൽകിയ പ്രതികരണമായിരുന്നു അത്. ഞാൻ അതെയെന്ന് തലയാട്ടി. അങ്ങനെ ചെയ്യാം എന്ന് പറഞ്ഞ് മെഡിക്കൽ സെക്രട്ടറി ഡബാൻ സാറിനെ നേരിട്ട് വിളിച്ച് എന്റെ പേപ്പറുകൾ കൈമാറുകയും ചെയ്തു.
ചോദ്യം : ഇത്രയും കാലത്തെ താങ്കളുടെ അലച്ചിലുകൾക്കൊടുവിൽ ഒരു വലിയ ആശ്വാസമാവുമായിരുന്ന ആ സഹായ വാഗ്ദാനത്തിന് പിന്നീട് എന്ത് സംഭവിച്ചു?
ഇസ്മാഈൽ : പട്ടേൽ സാർ ആ ഫയലുകൾ ഉദ്യോഗസ്ഥർക്ക് കൈമാറിയ ശേഷം പിന്നീട് അതുമായി ബന്ധപ്പെട്ട് ഒരു പുരോഗതിയും ഉണ്ടായില്ല. അതിന്റെ നിജസ്ഥിതി അന്വേഷിക്കാനായി ഇത്തവണ ഞാൻ ചെന്നപ്പോഴാണ് അവിടെയുള്ള കൽപേനി ദ്വീപുകാരനായ ഹഖ് എന്ന അക്കൗണ്ടന്റ ഓഫീസർ ഇതിൽ മെഡിക്കൽ നെഗ്ലിജൻസ് ഉണ്ടായിട്ടില്ല എന്ന രീതിയിൽ ആരോഗ്യ വകുപ്പിൽ നിന്ന് ലഭിച്ചെതെന്നും അതിൽ വലിയ പ്രതീക്ഷ വേണ്ടെന്നും എന്നെ അറിയിച്ചത്. ഒരു അഞ്ചംഗ സംഘ മീറ്റിങ്ങിലാണ് ആ തീരുമാനം ഉണ്ടായതെന്നാണ് അദ്ധേഹം പറഞ്ഞത്. എന്നാൽ ഇങ്ങനെയൊരു മറുപടി രേഖാമൂലം അഡ്മിനിസ്ട്രേഷന് മെഡിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി പോയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. ഇത്ര കാലം കംപ്ലൈന്റ നൽകിയിട്ടും അവർ എനിക്കിത് വരെ മറുപടി തന്നിട്ടില്ലയെന്ന് കൂടി ഓർക്കണം. അതിനുമപ്പുറം മെഡിക്കൽ നെഗ്ലിജൻസ് നടന്നോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ലേ ?.
ചോദ്യം : താങ്കൾ ഉന്നയിച്ച ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണ്. ലക്ഷദ്വീപിലെ ആരോഗ്യ മേഖലയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന സംഭവമാണിത്. അവസാനമായി, നീതി നിഷേധിക്കപ്പെട്ട ഒരു പിതാവെന്ന നിലയിൽ പൊതു സമൂഹത്തേട് താങ്കൾക്കെന്താണ് പറയാനുള്ളത്?
ഇസ്മാഈൽ: ഇത്രയും കാലം അധികാരികളോട് ചോദ്യങ്ങൾ ചോദിക്കാതെ, അവരെ വിശ്വസിച്ചുവെന്നതാണ് ഞാൻ ചെയ്ത തെറ്റ്. ഇനി നിങ്ങളോരോരുത്തരുടെയും ഭാഗത്ത് നിന്ന് ചോദ്യങ്ങൾ ഉയരണമെന്നും എന്റെ മകൾക്ക് നീതി ലഭിക്കാനായി എന്റെ കൂടെ നിൽക്കണമെന്നുമാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്.